Sunday, September 21, 2014

ചികിത്സയിലിരിക്കേ ഇനി പേവിഷബാധ സ്ഥിരീകരിക്കാം;

ചികിത്സയിലിരിക്കേ ഇനി പേവിഷബാധ സ്ഥിരീകരിക്കാം; വഴിത്തിരിവായത് മൃഗസംരക്ഷണവകുപ്പിന്റെ കണ്ടുപിടിത്തം
 ചികിത്സയിലിരിക്കേ, പേവിഷബാധ സ്ഥിരീകരിച്ച് മൃഗസംരക്ഷണവകുപ്പ് ചരിത്രനേട്ടത്തില്‍. മൃഗസംരക്ഷണവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസാണ് സംസ്ഥാനത്ത് ആദ്യമായി ഈ നേട്ടം കൈവരിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്നയാളുടെ സെറിബ്രാസ്‌പൈനല്‍ ഫ്‌ലൂയിഡ്(സുഷുമ്‌നാ നാഡിയുടെയും തലച്ചോറിന്റെയും ചുറ്റുമുള്ള ദ്രാവകം) പി.സി.ആര്‍. (പോളിമൈറസ് ചെയ്ന്‍ റീ ആക്ഷന്‍ ) എന്ന പരിശോധനക്ക് വിധേയമാക്കിയാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പി.സി.ആര്‍. ടെസ്റ്റ് നടത്തുമ്പോള്‍ ആര്‍.എന്‍.എ.യുടെയും ഡി.എന്‍.എ.യുടെയും വിവരങ്ങളാണ് ലഭിക്കുന്നത്. പരിശോധനയില്‍ പേവിഷബാധയുണ്ടാക്കുന്ന വൈറസിന്റെ ആര്‍.എന്‍.എ. കണ്ടെത്തുകയായിരുന്നു.


ആള്‍ മരിച്ചുകഴിഞ്ഞശേഷം മാത്രമാണ് മുന്‍പ് പേവിഷബാധയാണെന്ന് പരിശോധന നടത്തി സ്ഥിരീകരിച്ചിരുന്നത്. ആദ്യമായാണ് മനുഷ്യനില്‍ പേവിഷത്തിന് പി.സി.ആര്‍. ടെസ്റ്റ് നടത്തി വിജയം കണ്ടിരിക്കുന്നത്.


പേവിഷബാധയ്ക്ക് ലക്ഷണങ്ങള്‍ വച്ചാണ് ചികിത്സ നടത്തുന്നത്. മസ്തിഷ്‌ക സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുമ്പോഴും പേവിഷബാധയ്ക്കു സമാനമായ ലക്ഷണങ്ങള്‍ രോഗി കാണിക്കാറുണ്ട്. കൂടാതെ പേവിഷബാധയല്ലാതെ മറ്റു രോഗങ്ങളെന്തെങ്കിലുമാണോ എന്ന് തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ല. ഇതിനെല്ലാം പരിഹാരമാണ് പുതിയ കണ്ടുപിടിത്തമെന്ന് പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്‌ററിഗേറ്റിങ് ഓഫീസര്‍ പി.എം. പ്രസാദ് 'മാതൃഭൂമി'യോട് പറഞ്ഞു. ഡോക്ടര്‍മാരായ ടി.ടി. ആശ, സ്വപ്‌ന സൂസന്‍ എബ്രഹാം, ബി. ജൂലി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധകള്‍ നടന്നത്. ഈ മാസം ആദ്യമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന ആളുടെ സാമ്പിളുകള്‍ പാലോട് ഓഫീസിലേക്ക് അയച്ചത്. 

No comments: